തിരുവനന്തപുരം: എല്ലാ പ്ലസ് വൺ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സീറ്റ് വർധിപ്പിക്കുന്ന കാര്യം പരിശോധിക്കുമെന്നും,സ്കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ലെന്നും, ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
ഒക്ടോബർ 7 ന് രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. സർക്കാർ മേഖലയിലും അൺഎയ്‌ഡഡ് മേഖലയിലും സീറ്റ് വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഏതെങ്കിലും ജില്ലയിൽ സീറ്റ് ക്ഷാമമുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സംവരണത്തിൽ ഒഴിവ് വരുന്ന സീറ്റ് മെറിറ്റിലേക്ക് എടുക്കുമെന്ന് പറഞ്ഞ അദ്ദേഹം പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ പ്രശ്നങ്ങൾ അവസാനിക്കുമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആദ്യഘട്ട അലോട്ട്മെന്‍റ് പട്ടികയിൽ പ്ലസ് വൺ സീറ്റിന് കടുത്ത ക്ഷാമം നേരിട്ടിരുന്നു . അപേക്ഷിച്ചവരിൽ പകുതിപ്പേരും മെറിറ്റ് സീറ്റിന് പുറത്തായിരുന്നു. അതായത്, 43,010 വിദ്യാർഥികളിൽ പകുതിയലധികം പേരും സീറ്റ് കിട്ടാതെ പുറത്താണ്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മന്ത്രിയുടെ പ്രതികരണം.