ദില്ലി: ആത്മഹത്യ ചെയ്ത കോവിഡ് രോഗികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് കേന്ദ്രം. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 50,000 രൂപയാണ് നല്‍കുക. നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായി കേന്ദ്രം കോടതിയെ അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച് ഒരുമാസത്തിനകം ആത്മഹത്യചെയ്തവരെ പട്ടികയിലുള്‍പ്പെടുത്തുമെന്നും സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രത്തിൻ്റെ നിലപാടുമാറ്റം. കേന്ദ്ര തീരുമാനത്തിൽ തൃപ്തി അറിയിച്ച കോടതി, തീരുമാനം രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് അഭിപ്രായപ്പെട്ടു.
കോവിഡ് ബാധിതര്‍ ആത്മഹത്യ ചെയ്താല്‍ അതിനെ കോവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്‍റെ നിലപാട് പുനപരിശോധിക്കണമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്. എന്നാല്‍ അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് കേന്ദ്രം ദേശീയ ദുരന്ത നിവാരണം അതോറിറ്റി മുഖേന കോടതിയെ അറിയിച്ചത്. ഇതിനുള്ള തുക സംസ്ഥാനങ്ങള്‍ അവരുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്ന് കേന്ദ്രം അറിയിച്ചു. ഒക്ടോബർ നാലിന് കേസിൽ കോടതി ഉത്തരവ് പറയും.