തിരുവനന്തപുരം; നെയ്യാര്‍ ഡാമില്‍ യുവാവിന് മര്‍ദനം. വട്ടിയൂര്‍കാവ് സ്വദേശി ഉണ്ണികൃഷ്ണനാണ് മര്‍ദനമേറ്റത്. ബൈക്ക് റേസിങ് നടത്തിയെന്നാരോപിച്ചായിരുന്നു യുവാവിനെ രണ്ടംഗ സംഘം മര്‍ദിച്ചത്. മര്‍ദിച്ചയാളുടെ ബൈക്ക് ഇടിച്ച് ഉണ്ണികൃഷ്ണന്റെ കാലൊടിഞ്ഞു. അപകടത്തിന് ശേഷവും മര്‍ദ്ദനം തുടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ മർദന വിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി വട്ടിയൂർക്കാവ് പൊലീസിൽ ഉണ്ണികൃഷ്ണൻ പരാതി നൽകി. അമിതവേഗതയിൽ വന്ന അക്രമിസംഘം ബൈക്ക് കൊണ്ട് ഉണ്ണികൃഷ്ണനെ ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് യുവാവിന്‍റെ വലതുകാൽ ഒടിഞ്ഞത്.
തുടർന്ന് രണ്ടംഗസംഘം യുവാവിനെ മർദിക്കുകയായിരുന്നു. കാലൊടിഞ്ഞെന്ന് പറഞ്ഞെങ്കിലും അക്രമിസംഘം മർദനത്തിൽ നിന്ന് പിന്മാറിയില്ലെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഉണ്ണികൃഷ്ണനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇന്ന് രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്.