ന്യൂഡൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വെയർ പെഗാസസ് ഫോണ്‍ ചോർത്തലിൽ അന്വേഷണം നടത്താൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ ഉണ്ടാകുമെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണമെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ വ്യക്തമാക്കി.
പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മൂന്നുനാലു ദിവസത്തിനുള്ളില്‍ ഉത്തരവ് ഉണ്ടാകുമെന്നാണ് കഴിഞ്ഞയാഴ്ച ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഉത്തരവ് വൈകാനുള്ള കാരണം രാവിലെ ഹര്‍ജികള്‍ മെന്‍ഷനിങ് നടത്തുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തി.
അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായിരുന്ന സീനിയര്‍ അഭിഭാഷകന് സി.യു. സിങ്, മറ്റൊരു കേസ് മെന്‍ഷന്‍ ചെയ്യുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് പെഗാസസ് വിഷയത്തില്‍ അന്വേഷണത്തിനായി സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സമിതി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കിയത്. എന്നാല്‍ കോടതി സമീപിച്ച ചില സാങ്കേതിക വിദഗ്ധര്‍ സമിതിയുടെ ഭാഗമാകാന്‍ തയ്യാറായില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതു കാരണമാണ് സമിതി രൂപവത്കരണം വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.