മസ്കത്ത്: ഒമാനിൽ സർക്കാർ സ്കൂളുകൾ തുറക്കുകയും ഇന്ത്യൻ സ്കൂൾ അടക്കമുള്ളവ തുറക്കാൻ തയാറെടുക്കുകയും ചെയ്യുന്നതിനിടെ രോഗവ്യാപനം തടയുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ.
രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി സ്കൂൾ അധികൃതർ, ആരോഗ്യപ്രവർത്തകർ, ഓരോ ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ സൂപ്പർ വൈസർമാർ എന്നിവരെ ഏകോപിപ്പിച്ച് പുതിയ ഹോട്ട്ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുക, കുട്ടികളെയും ജീവനക്കാരെയും സംരക്ഷിക്കാനാവശ്യമായ നടപടികൾ എടുക്കുക എന്നിവയാണ് ഹോട്ട്ലൈനിൻ്റെ ലക്ഷ്യം.
സ്കൂളുകളിൽ ഹോട്ട് ലൈനുകളുംഐസൊലേഷൻ മുറികളും ഒരുക്കണമെന്ന് മാർഗ നിർദേശത്തിലുണ്ട്. സ്കൂളുകളിലെ ക്ലിനിക്കിൻ്റെ ഭാഗമായുള്ള ഐസൊലേഷൻ മുറികളിലേക്ക് രോഗലക്ഷണമുള്ള കുട്ടികളെയും ജീവനക്കാരെയും മാറ്റണമെന്നത് പ്രധാന നിർദേശമാണ്. സ്കൂളുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നടപടിയെടുക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിയമിക്കുന്ന പ്രത്യേക കമ്മിറ്റി എല്ലാ ഗവർണറേറ്റുകളിലും പ്രവർത്തിക്കും.