ദുബായ് : ദുബായ് എക്സ്‌പോ 2020 എമിറേറ്റ്‌സ് പവലിയനിൽ ബുക്കിങ് ആരംഭിച്ചു. വ്യോമയാന രംഗത്തെ ഭാവി സാധ്യതകളും കാഴ്ചകളുമാണ് പവലിയനിൽ പ്രദർശിപ്പിക്കുക. ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന എമിറേറ്റ്‌സ് പവലിയനിലേക്ക് അൽ വാസൽ താഴികക്കുടത്തിനരികിൽനിന്ന് നടന്നെത്താനുള്ള ദൂരം മാത്രമാണുള്ളത്. ‘വിമാനയാത്രയിലെ അടുത്ത 50 വർഷങ്ങൾ’ എന്ന ആശയത്തിലാണ് ഇവിടുത്തെ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ ആശയതലങ്ങളുള്ള ഇൻസ്റ്റലേഷനുകൾ പവലിയൻ്റെ പ്രത്യേകതയാണ്.
‘വിമാനത്തിൻ്റെ ശാസ്ത്രം’ എന്ന ആശയത്തിലുള്ള ഇൻസ്റ്റലേഷൻ, സുസ്ഥിരതയും ജനസംഖ്യാ വർധനയുമടക്കം ലോകം ഇന്ന് ചർച്ചചെയ്യുന്ന വിഷയങ്ങളെ അധികരിച്ചുള്ള പ്രദർശനങ്ങൾ, വിമാനയാത്രയിലെ ഭാവി സംവിധാനങ്ങൾ, നാളെയിലെ അനുഭവങ്ങൾ, ഭാവിയിലേക്കുള്ള കരുതൽ തുടങ്ങിയ ആശയങ്ങളിലും പ്രദർശനം നടക്കും. വിമാനത്തിൻ്റെ ഭാഗങ്ങൾ കൊണ്ടുനിർമിച്ച പവലിയൻ്റെ കാഴ്ചകളും സന്ദർശകർക്ക് പുത്തനനുഭവം സമ്മാനിക്കും.