പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ് ഹാപ്പിനെസ് എന്ന തന്റെ നോവലിൽ ചോദിക്കുന്ന ഒരു ചോദ്യം ഇതാണ് , “എവിടെയാണ് വയസാകുന്ന പക്ഷികൾ പോയി മരണമടയുന്നത് ?”
നിത്യജീവിതത്തിൽ ഇത്തരത്തിൽ നമ്മുടെ കണ്മുന്നിലെ കാഴ്ചകളായിട്ടുകൂടി, ആരാലും ശ്രദ്ധിക്കപെടാത്ത ആരാലും ആലോചിക്കപ്പെടാത്ത ഒരുപാട് കഥകൾ കടന്ന്പോകുന്നുണ്ട്, അത്തരമൊരു പ്രശ്നത്തിലേക്കാണ് ഇന്നത്തെ നമ്മുടെ അന്വേഷണം.
1857 ൽ പണികഴിപ്പിക്കപ്പെട്ട തിരുവന്തപുരത്തെ പ്രശസ്തമായാ പാളയം മാർക്കറ്റ്, കോഴിക്കോട്ടെ മിഠായി തെരുവിനെ അനുസ്മരിപ്പിക്കുന്ന കടകൾ, വീഥികൾ. എന്നാൽ, ഇവിടത്തെ ഒരു മൂലയിൽ ഒതുക്കപ്പെട്ടിരിക്കുന്ന മീനും പച്ചക്കറിയും വിൽക്കുന്ന സ്ത്രീകൾക്കും അമ്മമാർക്കും മലമൂത്ര വിസർജനത്തിനു പോകാൻ തോന്നിയാൽ, അതിവിടെ വലിയൊരു അപകടമായി മാറുന്നു. സാധാരണ ഇടങ്ങളിലെ പോലെ ഒരു കക്കൂസ് ഇല്ലാത്തതല്ല, ഉള്ള കക്കൂസ് നഗര സഭ ഉദ്യോഗസ്ഥർ നേരെ പരിചരിക്കാത്തതാണ് ഇവിടത്തെ സ്ത്രീകളുടെ ജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നത്.
“ഒന്നിനും രണ്ടിനും പോവാൻ പറ്റുന്നില്ല മക്കളെ, ഇവിടെ കക്കൂസ് കുറയെ വര്ഷമായിട്ട് പൂട്ടി ഇട്ടിരിക്കുന്നു. ബാത്റൂമില് പോകണമെങ്കി മീനെല്ലാം ഇവിടെ ഇട്ടിട്ട് ദൂരോട്ട് എവിടെയെങ്കിലും പോയിട്ട് വരണം, ഭയങ്കര ബുദ്ധിമുട്ടാണ് “- അടിമലത്തുറ സ്വദേശി ബേബി പറയുന്നു.
പീരീഡ് സമയങ്ങളിലും ജോലിക്കിടെ കുറച്ചുസമയം കിടക്കാൻ തോന്നിയാലും ഭക്ഷണം പോയിരുന്നു കഴിക്കാനും കക്കൂസിനോടൊപ്പം ചേർന്ന് ഒരു വിശ്രമ കേന്ദ്രം കൂടിയുണ്ടിവിടെ. അതും കൂടി പൂട്ടിയതോടെ വൃത്തിഹീനമായ ചുറ്റുപാടിലിരുന്നാണ് ഇവർക്ക് ഭക്ഷണം പോലും കഴിക്കേണ്ടി വരുന്നത്. ശുചിത്വമില്ലാത്ത ചുറ്റുപാടിൽ നിന്നും ഉണ്ടായേക്കാവുന്ന മന്ത്പോലുള്ള ഗൗരവ അസുഖങ്ങൾ പിടിപെട്ട മുതിർന്ന അമ്മമാരുണ്ടിവിടെ. ജീവിതം എങ്ങനെയെങ്കിലും തള്ളി നീക്കുവാൻ രോഗങ്ങൾ പോലും വകവയ്ക്കാതെ ഇന്നും മാര്കെറ്റിലെത്തുകയാണ് അവർ.
‘കച്ചവടം ചെയ്തിട്ടിരിക്കുന്ന സമയത്ത് 10 രൂപ കൊടുത്ത് വിശ്രമ കേന്ദ്രത്തിൽ പോകാൻ പറ്റുമായിരുന്നു, ഇപ്പൊ ഒന്നിനും പറ്റുന്നില്ല. നഗര സഭ ഒരാളെക്കൊണ്ട് ഇവിടെ നിർത്തിയാൽ, ഞങ്ങൾ തന്നെ നേരത്തെ ഉള്ളതുപോലെ പൈസ കൊടുത്തോളം. ‘- മാർക്കറ്റിൽ മീൻ വിൽപ്പന നടത്തുന്ന കവിത കൂട്ടി ചേർക്കുന്നു.
വൃത്തിഹീന പരിസരത്തിനു പുറമെ, കുടിവെള്ളമെടുക്കാനുള്ള പൈപ്പിന്റെ അടുത്തേക്ക് പോകുമ്പോഴേക്കും പാമ്പിൻ ശല്യം ഉണ്ടെന്നാണ് ഇവിടെയുള്ളവരുടെ പരാതി.
“വെളുപ്പാൻ രാവിലെ നാലുമണിക്കോ അഞ്ചുമണിക്കോ ആണ് മാർക്കറ്റിൽ വരുന്നത്, വന്നിട്ട് വെള്ളം എടുക്കാൻ ഓടുമ്പോൾ, ശ്രദ്ധയില്ലാതെ ഈ പാമ്പിനെ ചവിട്ടിയാൽ, നമുക്കും നമ്മളെ മക്കൾക്കും തന്നല്ലോ കേടു, വേറെയാർക്കെങ്കിലും ഇതുകൊണ്ട് നഷ്ടമുണ്ടോ ? കഴിഞ്ഞ ദിവസം ഈ പ്രശ്നം സൂചിപ്പിക്കാൻ ഞാൻ കോർപ്പറേഷൻ വരെപോയിരുന്നു, നടപടിയെടുക്കാമെന്ന് പറഞ്ഞതല്ലാതെ, ആരും ഇതുവരെ വന്നില്ല ” പൂന്തുറ സ്വദേശിനി ജൂലിയറ്റ് പറയുന്നു.
കോവിഡിന് ശേഷം എത്തിയ ഓൺലൈൻ മീൻ, പച്ചക്കറി വില്പനകൾ – മാർക്കറ്റ് കച്ചവടക്കാരായ ഈ സ്ത്രീകളുടെ തൊഴിലിനെ കാർന്നു തിന്നുമ്പോഴും പാമ്പുകടിയെന്ന മരണ ഭീതിയെ മറികടന്നും വൃത്തിയില്ലാത്ത സാഹചര്യത്തെ മറികടന്നും മാർക്കറ്റിലേക്ക് എത്തുമ്പോഴും ഈ അമ്മമാർക്ക് മലമൂത്ര വിസർജനത്തിനുപോലും കഴിയാതാവുന്നത്, നഗര സഭയുടെയും അധികാര കേന്ദ്രത്തിന്റെയും മുന്നിലുള്ള ദയനീയ യാഥാർഥ്യമായി അവശേഷിക്കുകയാണ്.