കൊച്ചി: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സീറോ മലബാർ സഭ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. ബിഷപ്പിനെതിരേ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമെന്നും സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
പാലാ ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമാണ്. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സീറോ മലബാർ സഭ വ്യക്തമാക്കി. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തി. ബിഷപ്പ് നടത്തിയത് സഭാ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രസംഗമാണെന്നും പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്നും സഭ ചൂണ്ടിക്കാണിച്ചു.
അതിനാൽ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന മുറവിളി സാമുദായിക ഐക്യം നഷ്ടപ്പെടുത്താനേ ഉപകരിക്കൂവെന്നും അതിനാൽ വിവാദം നിർത്തണമെന്നും ബിഷപ്പിനൊപ്പം നിലകൊള്ളുമെന്നും സഭ വ്യക്തമാക്കി.
പാലാ ബിഷപ്പിന്റെ പ്രസംഗത്തെ ചില രാഷ്ട്രീയ നേതാക്കൾ രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിച്ചു. സമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് ഫലപ്രദമായ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നും സീറോ മലബാര്ന സഭ ആവശ്യപ്പെട്ടു.
ഓൺലൈനായി നടന്ന യോഗത്തെ തുടർന്നാണ് വാർത്താകുറിപ്പ് പുറത്തിറക്കിയത്. യോഗത്തിൽ സിറോ മലബാർ സഭയുടെ പബ്ലിക് അഫേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.