തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നാളെ മുതല്‍ പ്രവേശനനടപടികള്‍ തുടങ്ങും. എന്നാൽ അലോട്ട്മെന്‍റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടമില്ല. 4,65,219 അപേക്ഷകരില്‍ 2,18,418 പേർക്കാണ് ഇടംകിട്ടിയത്. മെറിറ്റ് സീറ്റിൽ അവശേഷിക്കുന്നത് 52,718 സീറ്റുകളാണ്.
നാളെ രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം നേടാനുള്ള സമയം. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പ്രവേശന നടപടികൾ എന്നാണ് വിദ്യാഭ്യാസവകുപ്പിൻ്റെ നിർദ്ദേശം. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവർക്ക് ട്രയൽ അലോട്ട്മെന്‍റില്‍ തന്നെ ഇഷ്ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിന്‍റെ ആശങ്കയ്ക്കിടെയാണ് അഡ്മിഷൻ തുടങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ല എന്നാണ് സർക്കാറിൻ്റെ നിലപാട്.
അലോട്ട് മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ സൈറ്റ് ഹാങ്ങാണെന്ന പരാതിയും ഉയര്‍ന്നു. പലകുട്ടികള്‍ക്കും വെബ്‌സൈറ്റിലേക്ക് പ്രവേശിച്ച് എവിടെയാണ് പ്രവേശനം കിട്ടിയതെന്ന് അറിയാന്‍ കഴിയുന്നില്ലെന്നാണ് പരാതി. സാങ്കേതികപ്രശ്‌നം പരിഹരിക്കുമെന്ന് ഹയര്‍സെക്കന്ററി വകുപ്പ് അറിയിച്ചിട്ടുണ്ട്.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട് റിസല്‍ട്ട് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ലെറ്ററിലെ തിയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളില്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാം ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. മറ്റു ഓപ്ഷനുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാം.