അന്തർവാഹിനികൾ, പ്രത്യേകിച്ചും ആണവ അന്തർവാഹിനികൾ ആരാലും ശ്രദ്ധിക്കപ്പെടാതെ ആക്രമണപദ്ധതികളിൽ പങ്കെടുക്കുന്നവയാണ്. നിശ്ശബ്ദമായി നീങ്ങുന്ന ആണവ അന്തർവാഹിനിയുടെ നിർമാണത്തിനായുള്ള ഒരു കരാർ ആഗോളതലത്തിൽ വലിയ ഒച്ചപ്പാടും സംഘർഷങ്ങളും സൃഷ്ടിച്ചിരിക്കയാണ്. 18 വർഷത്തിനുശേഷം വരാൻ പോകുന്ന, ആണവ ഇന്ധനത്തിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന അന്തർവാഹിനി ഇപ്പോൾ സംഘർഷമുണ്ടാക്കുന്നത് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇന്തോ– പസഫിക് മേഖലയിലുമാണ്.
ഇന്തോ–പസഫിക് മേഖലയിൽ അമേരിക്കൻ കാർമികത്വത്തിൽ പിറവിയെടുത്ത തന്ത്രപരമായ സുരക്ഷാ കൂട്ടായ്മയാണ് സംഘർഷത്തിന്റെ വിത്തുപാകിയത്. കുറഞ്ഞ സമയത്തിനുള്ളിൽ ഇതിന്റെ ആഘാതം അറ്റ്‌ലാന്റിലേക്കും വ്യാപിച്ചു. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും സംഗമിക്കുന്നതാണ് പുതിയ സഖ്യം. ഓസ്ട്രേലിയ, യുഎസ്, യുകെ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായതിനാൽ ഈ സഖ്യം ഔകസ് (എയുകെയുഎസ്) എന്നാണ് അറിയപ്പെടുന്നത്. ഇതൊരു സുരക്ഷാസഖ്യമാണ്. ഈ സഖ്യം എത്തിയിരിക്കുന്ന ആദ്യ തീരുമാനം ആണവശക്തി രാഷ്ട്രമല്ലാത്ത ഓസ്ട്രേലിയക്ക് ആണവശേഷിയുള്ള എട്ട് അന്തർവാഹിനി നിർമിച്ചുനൽകാനാണ്. ആണവായുധ രാഷ്ട്രം അല്ലാതിരിക്കെ ആണവശക്തികൊണ്ടു പ്രവർത്തിക്കുന്ന അന്തർവാഹിനി സ്വന്തമാക്കുന്ന ആദ്യ രാഷ്ട്രമാണ് ഓസ്ട്രേലിയ.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ഓൺലൈനായി ചേർന്ന ഉന്നതതലയോഗമാണ് ഈ സഖ്യം പ്രഖ്യാപിച്ചത്. ഈ നീക്കം ഇന്തോ–-പസഫിക് മേഖലയിൽ സ്ഥിരത ഉറപ്പാക്കാനാണെന്ന് മൂവരും സംയുക്തപ്രസ്താവനയിൽ അവകാശപ്പെട്ടെങ്കിലും ചൈനയെയാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്. നിർമിതബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ, സൈബർ സുരക്ഷ തുടങ്ങിയവയിലേക്ക് നീളുന്നതാണ് ധാരണ. ക്വാഡ് കൂട്ടായ്മയുടെ നേതൃയോഗം ജോ ബൈഡന്റെ അധ്യക്ഷതയിൽ 24ന് അമേരിക്കയിൽ ചേരാനിരിക്കെയാണ് പുതിയ സഖ്യത്തിന്റെ രൂപീകരണമെന്നതും പ്രധാനമാണ്.
ഔകസ് രൂപീകരണത്തോടെ, ഡീസൽ ഉപയോഗിച്ചു പ്രവർത്തിക്കുന്ന 12 അന്തർവാഹിനി നിർമിക്കുന്നതിനായി ഫ്രാൻസുമായുണ്ടാക്കിയ കരാറിൽനിന്ന് ഓസ്ട്രേലിയ ഏകപക്ഷീയമായി പിന്മാറുകയുംചെയ്തു. ഫ്രാൻസും ഓസ്ട്രേലിയയും ബന്ധം ശക്തമാക്കുന്നതിനായി വിദേശ സുരക്ഷാകാര്യ മന്ത്രിതല ചർച്ചകൾക്കായുള്ള 2+2 സംവിധാനം ആരംഭിച്ചത് രണ്ടാഴ്ച മുമ്പുമാത്രമാണ്. ഫ്രാൻസിനെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ഔകസിന്റെ രൂപീകരണവും ഓസ്ട്രേലിയയുടെ പിന്മാറ്റവും. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും തങ്ങളെ പിന്നിൽനിന്നും കുത്തിയെന്നു പ്രതികരിച്ച ഫ്രാൻസ്, അവരുടെ അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും അംബാസഡർമാരെ തിരിച്ചുവിളിക്കുകയും ചെയ്തു. പ്രതിരോധ സഹകരണത്തിനായി ബ്രിട്ടനുമായി നടത്താനിരുന്ന ചർച്ച ഫ്രാൻസ് ഉപേക്ഷിച്ചു.
2012മുതൽ ഇന്തോ–-പസഫിക് ഭൂതന്ത്ര പദ്ധതിയുടെ ശക്തരായ വക്താക്കളാണ് ഫ്രാൻസ്. യൂറോപ്യൻ യൂണിയന്റെ ഇന്തോ–- പസഫിക് നയരൂപീകരണത്തിന് നേതൃത്വം നൽകുന്നതുതന്നെ ഫ്രാൻസാണ്. രസകരമായ വസ്തുത, ഫ്രാൻസ് നേതൃപരമായ പങ്കുവഹിച്ചു തയ്യാറാക്കിയ യൂറോപ്യൻ യൂണിയന്റെ ഇന്തോ–-പസഫിക് നയരേഖ പ്രസിദ്ധീകരിച്ചതിന് അടുത്ത ദിവസമാണ് ബ്രിട്ടന്റെകൂടി പങ്കാളിത്തത്തോടെ ഔകസ് രൂപീകൃതമാകുന്നത്. 12 അന്തർവാഹിനി ഓസ്ട്രേലിയക്ക് നിർമിച്ചുനൽകാനുള്ള 4000 കോടി ഡോളറിന്റെ കരാറിൽ 2016ലാണ് ഫ്രാൻസ് ഒപ്പുവച്ചത്. ആണവ ഇന്ധനം ഉപയോഗിച്ചുള്ള അന്തർവാഹിനിയെന്ന ആശയത്തോടുതന്നെ ഓസ്ട്രേലിയക്ക് അന്ന് എതിർപ്പായിരുന്നു.
ഒക്ടോബറിൽ ആരംഭിക്കുന്ന ഓസ്ട്രേലിയ യൂറോപ്യൻ യൂണിയൻ വ്യാപാര ചർച്ചകളെ കരാർ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോപ്യൻ യൂണിയനുമായുണ്ടാക്കുന്ന കരാറുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ പൊതുവെ എല്ലാ രാജ്യവും അത് അംഗീകരിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ, ഫ്രാൻസ് അത്തരം കരാറുകളെയെല്ലാം എതിർക്കും. ജർമൻ ചാൻസലർ ആംഗല മെർക്കൽ പ്രസിഡന്റ്സ്ഥാനം ഒഴിയുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോം യൂറോപ്യൻ രാഷ്ട്രീയത്തിലെ സുപ്രധാന നേതാവായി മാറും. ഇത് ഓസ്ട്രേലിയയുടെ യൂറോപ്യൻ സഹകരണത്തെ തകിടംമറിക്കും. എന്നുമാത്രമല്ല, സൈനികരംഗത്തും ഓസ്ട്രേലിയയിലെ, പ്രത്യേകിച്ച് ദക്ഷിണ ഓസ്ട്രേലിയയിലെ, വ്യവസായ രംഗത്തുള്ള ഫ്രാൻസിന്റെ പല സംരംഭവും പിൻവലിക്കപ്പെടാനുള്ള സാഹചര്യവുമുണ്ട്. അമേരിക്കയ്ക്കെതിരെയും ഫ്രാൻസ് ശക്തമായ വിമർശമാണ് നടത്തിയത്. ഒരു സഖ്യകക്ഷിയിൽനിന്നും ഇത്തരം നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഫ്രഞ്ച് വിദേശ മന്ത്രി പ്രതികരിച്ചത്.
ഔകസ് സഖ്യരൂപീകരണത്തെക്കുറിച്ചുള്ള വിവരം കൈമാറാൻ വിളിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മൊറിസനോടുതന്നെ, 1984മുതൽ ആണവനിരോധനമേഖലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ന്യൂസിലൻഡ് കടലിൽ ആണവ അന്തർവാഹിനികൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ജസീന്ത ആർദേൻ പ്രഖ്യാപിച്ചു. 1980ൽത്തന്നെ ആണവമുക്തമായി പ്രഖ്യാപിക്കുന്ന നിയമം പാസാക്കിയ രാജ്യമാണ് ന്യൂസിലൻഡ്. ആ നിയമം ന്യൂസിലൻഡ് കടലിലും തുറമുഖങ്ങളിലും ആണവ ഇന്ധനം ഉപയോഗിക്കുന്ന കപ്പലുകൾ പ്രവേശിക്കുന്നത് നിരോധിക്കുന്നതാണ്.
അഫ്ഗാനിസ്ഥാനിൽനിന്നും പരാജിതരായി മടങ്ങിയതോടെ ദക്ഷിണേഷ്യയിലെ നിയന്ത്രണം നഷ്ടമായ അമേരിക്ക, ഇന്തോ–-പസഫിക്കിൽ മറ്റൊരു സൈനിക സഖ്യത്തിന്റെ പിന്തുണയോടെ, ദുർബലമാകുന്ന തങ്ങളുടെ സ്വാധീനത്തെ താങ്ങിനിർത്താനാണ് ശ്രമിക്കുന്നത്. ശാന്തസമുദ്ര മേഖലയിലെയും ഇന്ത്യൻ മഹാസമുദ്രമേഖലയിലെയും കരുത്തരായ രാജ്യങ്ങളെ കൂടെനിർത്തി ചൈനയെ പ്രതിരോധിച്ച് അമേരിക്കൻ ആഗോളമേധാവിത്വം നിലനിർത്താനുള്ള പദ്ധതിയാണ് ഇന്തോ പസഫിക്. ആണവപദ്ധതികൂടി ഉൾപ്പെടുന്ന ഔകസ്, അതുകൊണ്ടുതന്നെ ഇന്തോ–-പസഫിക്കിന്റെ കേന്ദ്രബിന്ദുവാകും.
ഇപ്പോൾ ഓസ്ട്രേലിയക്ക് അന്തർവാഹിനി നിർമിച്ചുനൽകാൻ സഖ്യരാജ്യമായ ഫ്രാൻസിനെപ്പോലും തള്ളിക്കളഞ്ഞ അമേരിക്ക, ഒന്നരപ്പതിറ്റാണ്ടായി ആണവ അന്തർവാഹിനിക്കുള്ള ഇന്ത്യയുടെ അഭ്യർഥന നിഷ്കരുണം തള്ളിക്കളഞ്ഞതും ഓർക്കേണ്ടതാണ്. റഷ്യയാണ്, ഇന്ത്യക്ക് ആണവ അന്തർവാഹിനി നൽകാൻ തയ്യാറായത്. അന്തർവാഹിനികൾക്കുള്ള ആണവസാങ്കേതികവിദ്യ അമേരിക്ക ആദ്യമായി നൽകിയത് 1958ൽ ബ്രിട്ടനാണ്. ശീതസമരം കൊടുമ്പിരിക്കൊണ്ടുനിന്ന കാലത്ത് റഷ്യയെ നേരിടാനായിരുന്നു ആ നീക്കം. അതിനുശേഷം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇന്ത്യയുടെ ഉൾപ്പെടെ അഭ്യർഥന തള്ളിക്കളഞ്ഞ അമേരിക്ക ഓസ്ട്രേലിയയെ സഹായിക്കാനെത്തിയത്, രണ്ടാം ശീതസമരം ശക്തമാകുന്നതിന്റെ സൂചനയാണ്. മുതലാളിത്ത, സാമ്രാജ്യത്വ മേൽക്കോയ്മ ആഗോളതലത്തിൽ നിലനിർത്താനുള്ള അമേരിക്കയുടെയും സഖ്യശക്തികളുടെയും തന്ത്രപരമായ നീക്കത്തിന്റെ പുതിയ ആണവ അധ്യായമാണ് ഔകസിലൂടെ ആരംഭിക്കുന്നത്.