ലണ്ടന്‍ : ഇന്ത്യയുടെ പ്രതിഷേധം തുടരുന്നതിനിടെ, കോവിഡ് യാത്രാച്ചട്ടത്തില്‍ മാറ്റം വരുത്തി ബ്രിട്ടന്‍. ഇന്ത്യയുടെ കോവിഷീല്‍ഡിനെയും ബ്രിട്ടന്‍ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. അതേസമയം ഇന്ത്യന്‍ സര്‍ക്കാരിൻ്റെ കോവിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നും ബ്രിട്ടന്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും നിലവിലെ ക്വാറന്റീന്‍ പാലിക്കേണ്ടി വരുമെന്ന് യാത്രാ ചട്ടം വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളിലെ നേതാക്കളും കൂടിയാലോചിച്ച് രമ്യമായി പരിഹരിക്കണമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അദാര്‍ പൂനെവാല പറഞ്ഞു.
ആസ്ട്രസെനക്കയുടെ കോവിഷീല്‍ഡ്, വാക്‌സെവ്രിയ, മൊഡേണ ടകേഡ വാക്‌സിനുകളെയും അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടന്‍, യൂറോപ്പ് അമേരിക്ക എന്നിവക്ക് പുറമെ, ഓസ്ട്രിയ, ആന്റിഗ്വ ആന്റ് ബാര്‍ഗുഡ, ബാര്‍ബഡോസ്, ബഹ്‌റൈന്‍, ബ്രൂണെയ്, കാനഡ, ഡൊമിനിക്ക, ഇസ്രായേല്‍, ജപ്പാന്‍, കുവൈറ്റ്, മലേഷ്യ, ന്യൂസീലാന്‍ഡ്, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ് വാന്‍ എന്നീവയെ അംഗീകൃത രാജ്യങ്ങളില്‍ പെടുത്തിയിട്ടുണ്ട്.
അംഗീകാരമില്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നതാണ് ബ്രിട്ടന്റെ യാത്രാചട്ടം നിര്‍ദേശിച്ചിരുന്നത്. യാത്രയ്ക്കു മൂന്നുദിവസം മുൻപേ രാജ്യത്തെത്തി രണ്ടാംദിവസവും എട്ടാംദിവസവും കോവിഡ് പരിശോധനയും നടത്തണമെന്നും നിയമം അനുശാസിക്കുന്നു. ഒക്ടോബര്‍ നാലുമുതല്‍ പുതിയ ചട്ടം നിര്‍ബന്ധമാക്കുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിട്ടുള്ളത്.