തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിൻ്റെ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് മരവിപ്പിച്ചു. ലഹരി മാഫിയയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പോലീസിന്റെ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് മരവിപ്പിച്ചത്.
ഡൻസാഫ് നടത്തുന്ന മയക്കുമരുന്ന് വേട്ട തൽക്കാലത്തേക്ക് അവസാനിപ്പിക്കാനാണ് തീരുമാനം. ലഹരിമരുന്ന് പിടികൂടാൻ ജില്ലകളിൽ പൊലീസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്ന പ്രത്യേകസംഘമാണ് ഡൻസാഫ് എന്ന് അറിയപ്പെടുന്ന ഡിസ്ട്രിക്ട് ആന്റി നകോടിക് സ്പെഷ്യൽ ഫോഴ്സ്. എന്നാൽ തിരുവനന്തപുരം സിറ്റിയിലെ ഈ സംഘത്തിലെ ചില പൊലീസുകാർക്ക് ലഹരി മാഫിയയുമായി ബന്ധമെന്ന സൂചനയാണ് ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത്.
അടുത്തിടെ നഗരത്തിലെ പൂന്തുറ, പേട്ട, മെഡിക്കൽ കോളേജ് സ്‌റ്റേഷൻ പരിധികളിൽ ഡൻസാഫ് നടത്തിയ വൻ കഞ്ചാവ് വേട്ടകളിലൊന്നും വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ കഞ്ചാവ് പിടികൂടിയ ശേഷം ഇതേ മാഫിയയുമായി ചേർന്ന് കഞ്ചാവ് തലസ്ഥാന നഗരത്തിൽ എത്തിക്കുന്നതായാണ് ഇന്റലിജൻസിന് സംശയം. കഞ്ചാവ് ഇവിടെ നിന്ന് പിടിച്ചെടുത്തതായി വരുത്തി തീർക്കുകയും, ഇതിന്റെ ഒരു ഭാഗംആവശ്യക്കാർക്ക് എത്താൻ വഴിയൊരുക്കുകയും ചെയ്തെന്ന സൂചനയും ഇന്റലിജൻസിന് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതോടെയാണ് ഡൻസാഫിന്റെ പ്രവർത്തനം തൽകാലത്തെക്ക് മരവിപ്പിച്ചത്. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി വീണ്ടും സജീവമാക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത് മാസങ്ങൾക്ക് മുൻപുള്ള വിവരമാണെന്നും വിശദീകരിച്ചു.