തിരുവനന്തപുരം; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്തിന് സി പി എം ചുമതല നല്‍കി. പാർട്ടി അംഗത്വത്തിലേക്ക് കൊണ്ടു വരാൻ നടപടി ക്രമങ്ങൾ ബാക്കിയുണ്ടെങ്കിലും ഇപ്പോൾ കർഷക സംഘത്തിലാണ് പിഎസ് പ്രശാന്തിന് സ്ഥാനം നൽകിയിരിക്കുന്നത്. തിരുവന്തപുരം ജില്ലാ കർഷക സംഘത്തിന്റെ വൈസ് പ്രസിഡന്റായിട്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. വൈകാതെ തന്നെ അദ്ദേഹത്തിനെ കാൻഡിഡേറ്റ് അംഗമാക്കി പിന്നീട് പാർട്ടി അംഗത്വത്തിലേക്ക് കൊണ്ടു വാനുള്ള തീരുമാനം കൈകൊള്ളുമെന്നാണ് സിപിഎം വൃത്തങ്ങൾ അറിയിക്കുന്നത്.
നീണ്ട വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മില്‍ ചേര്‍ന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രശാന്തിനെ തോല്‍പിക്കാന്‍ പാലോട് രവി അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്നും ഇവരെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് കൊണ്ടുവരരുതെന്നും പ്രശാന്ത് രേഖാമൂലം കെ പി സി സി, എ ഐ സി സി നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലോട് രവിയെ തിരുവനന്തപുരം ഡി സി സി അധ്യക്ഷനാക്കിയതോടെ പ്രശാന്ത് രാജി വെക്കുകയായിരുന്നു.