കാബൂള്‍: അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏക ജോലി പൊതു ശൗചാലയങ്ങള്‍ വൃത്തിയാക്കുക മാത്രമാണെന്ന് കാബൂള്‍ ആക്ടിംഗ് മേയര്‍ ഹംദുള്ള നൊഹ്മാനി. അവിടെയും സ്ത്രീകള്‍ ഉപയോഗിക്കുന്ന ശൗചാലയങ്ങള്‍ മാത്രം അവര്‍ വൃത്തിയാക്കിയാല്‍ മതിയെന്നും മേയര്‍ വ്യക്തമാക്കുന്നു. ചന്തകളിലുള്ള പൊതു ശൗചാലയങ്ങളിലാണ് സ്ത്രീകളെ ജോലി ചെയ്യാനായി നിയോഗിക്കുക.
അഫ്ഗാനിസ്ഥാനില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രം സെക്കഡറി വിദ്യാഭ്യാസം ആരംഭിക്കുകയും, സ്ത്രീകളെ തൊഴിലിന് വരേണ്ട എന്ന അറിയിപ്പ് നല്‍കുകയും ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ സാഹചര്യം സുരക്ഷിതമല്ലെന്നും, സ്ത്രീകള്‍ വീട്ടില്‍ തന്നെ ഇരുന്നാല്‍ മതിയെന്നുമാണ് താലിബാന്‍റെ ന്യായീകരണം.
അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം മതനിയമങ്ങള്‍ക്ക് അനുസൃതമായി സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നാണ് താലിബാന്‍ പറഞ്ഞിരുന്നത്. സ്ത്രീകള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ചേരാമെന്നും വാഗ്ദ്ധാനം ചെയ്തിരുന്നു.