മനാമ: രാജ്യത്തെ സാമ്പത്തികമേഖല തിരിച്ചുവരവിൻ്റെ പാതയിലെന്ന് ധനകാര്യ മന്ത്രാലയം. സാമ്പത്തിക വളർച്ചാസൂചികയെ സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിന് മുമ്പുള്ള വളർച്ചയ്ക്ക് തുല്യമായ വളർച്ചയാണ് പല മേഖലകളിലും നടപ്പുവർഷം നേടാൻ സാധിച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഈ വർഷം ആദ്യ എട്ടു മാസത്തിൽ കെട്ടിടനിർമാണ ലൈസൻസിൻ്റെ എണ്ണത്തിൽ 2019നേക്കാൾ 18 ശതമാനം വർധനയുണ്ടായി. ആഗസ്റ്റിൽ മാത്രം 64.4 ശതമാനം വർധനവാണ് ഈ രംഗത്തുണ്ടായത്.
എ.ടി.എം കാർഡുകൾ നൽകിയതിൽ 2019 ആഗസ്റ്റിനേക്കാൾ ഈ വർഷം ആഗസ്റ്റിൽ 55 ശതമാനം വളർച്ചയുണ്ടായി. തദ്ദേശീയ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 103 ശതമാനം വർധനയാണുണ്ടായത്. ഹോട്ടൽ, ടൂറിസം മേഖലയിൽ വളർച്ച തുടരുന്നതായും സൂചനയുണ്ട്.