തിരുവനന്തപുരം: പ്ലസ് വണ്‍ പുതിയ ബാച്ച് ഇത്തവണ അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. ഒരു അലോട്മെന്റ് പോലും പൂര്‍ത്തിയാകും മുൻപാണ് ബാച്ചുകള്‍ വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ എടുത്തത്.മലപ്പുറം ഉൾപ്പെടെ ജില്ലകളിൽ അധിക ബാച്ചുകൾ വേണമെന്ന് ചൂണ്ടിക്കാട്ടി ഹയർ സെക്കൻഡറി വിഭാഗം നൽകിയ റിപ്പോർട്ട് അവഗണിച്ചാണ് ഉത്തരവ്. സാമ്പത്തിക ബാധ്യതക്കു പുറമെ പൂർണതോതിൽ നേരിട്ടുള്ള ക്ലാസുകൾ നടത്താൻ കഴിയാത്ത സാഹചര്യവും നിലവിലുള്ള ബാച്ചുകളിൽ ആനുപാതിക സീറ്റ് വർധന നടപ്പാക്കിയതും ചൂണ്ടിക്കാട്ടിയാണ് പുതിയ ബാച്ച് വേണ്ടെന്ന തീരുമാനമെടുത്തത്.
വിവിധ ജില്ലകളിലെ ഹയർ സെക്കൻഡറി മേഖലയിലെ വിദ്യാഭ്യാസ ആവശ്യകത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായ ജില്ലതല കമ്മിറ്റിയും പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. ഈ കമ്മിറ്റികൾ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നതെന്നും പൂർണ തോതിൽ നേരിട്ട് ക്ലാസുകൾ നടത്തുന്നതിനുള്ള സാധ്യത ഈ വർഷം നന്നെ വിരളമാണെന്നും സീറ്റ് കുറവുള്ള ജില്ലകളിൽ അധിക സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
.