തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ പരാമർശം തള്ളി കർദ്ദിനാൾ മാർ ക്ലിമ്മിസ്. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മതമേലധക്ഷ്യന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനേതാക്കള്‍ ഈ കാര്യത്തില്‍ പ്രത്യേകിച്ചും ശ്രദ്ധ പുലര്‍ത്തണം. പാലാ ബിഷപ്പ് പറയുന്ന കാര്യം ഈ ഫോറത്തിന് പറയാന്‍ കഴിയില്ല. അസൗകര്യമുള്ളതിനാലാണ് ചങ്ങനാശ്ശേരി ബിഷപ്പ് പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ദീപികയിൽ വന്ന ലേഖനങ്ങളെയും അദ്ദേഹം പിന്തുണച്ചില്ല. കത്തോലിക്ക സഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകൾ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മത സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ചേർന്നത് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ആവശ്യമാണ്. മറ്റ് സമൂഹങ്ങൾക്ക് മുറിവേൽക്കാതിരിക്കാൻ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേർന്നത്.