ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും ഇ.ഡി. ബിസിനസിന്റെ മറവിൽ ലഹരി കടത്തിനായി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആരോപിച്ചു.
ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന കള്ളപ്പണമെന്നുമാണ് ഇഡി കർണാടക ഹൈക്കോടതിയിൽ വാദിച്ചത്.
ലഹരികടത്ത് കേസിൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ പങ്കാളിയാണെന്നും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി കോടതിയിൽ വാദിച്ചു. കേസ് ഈ മാസം 23 ന് വീണ്ടും പരിഗണിക്കും.
കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ കൂടി ഇനിയും ചോദ്യം ചെയ്യാനുണ്ട്. ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന് സുഹൃത്ത് അരുണ്‍ എന്നിവരെ പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണ്. ബിനീഷിന് വേണ്ടിയുള്ള ബാങ്ക് നിക്ഷേപങ്ങള്‍ നടത്തിയ വ്യക്തിയാണ് അനിക്കുട്ടന്. അതുകൊണ്ട് തന്നെ ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ഇ.ഡി കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചത്.