ന്യൂഡൽഹി: കോവിഡ് വാക്സിൻ കയറ്റുമതി വീണ്ടും തുടങ്ങാൻ ഇന്ത്യ. ഒക്ടോബറോടെ വാക്സിൻ കയറ്റുമതി തുടങ്ങുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരിക്കുന്നത്.
അടുത്തമാസം മുതൽ വാക്സിൻ ഉത്പാദനം കൂട്ടും. രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ആവശ്യത്തിന് ശേഷം വരുന്ന വാക്സിന് കയറ്റുമതി ചെയ്യും. അയല്രാജ്യങ്ങള്ക്കാവും പ്രധാന പരിഗണ നല്‍കുക. അടുത്ത മാസം രാജ്യത്ത് 30 കോടി വാക്സിന് ഉത്പാദിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിക്കാന്‍ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മുതലാണ് വാക്സിൻ കയറ്റുമതി നിർത്തിവച്ചത്. എഴുപതോളം രാജ്യങ്ങളിലേക്കാണ് വാക്സിന് കയറ്റുമതി ചെയ്തിരുന്നത്.
വാക്സിന് കയറ്റുമതി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രാജ്യം പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ വിദേശ രാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് വാക്സിന് കയറ്റുമതി നിര്‍ത്തിവെച്ചത്.
















