ഫ്ലോറിഡ:ബഹിരാകാശ വിനോദ സഞ്ചാരികളുമായി പോയ സ്‌പേസ് എക്‌സിന്റെ റസ്‌ലിയൻ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി. ബഹിരാകാശ വിദഗ്ദർ ആരുമില്ലാതെ നടത്തിയ യാത്രയാണ് വിജയകരമായി പൂർത്തിയാക്കിയത്.മൂന്നു ദിവസത്തെ യാത്രക്ക് ശേഷം വിനോദ സഞ്ചാരികളുമായി സ്‌പേസ് എക്‌സ് പേടകം ഭൂമിയിൽ തിരിച്ചെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 7.30 ഓടെയാണ് സഞ്ചാരികൾ ഭൂമിയിലെത്തിയത്.
നാല് കൂറ്റൻ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സൂൾ യാത്രികരെയും വഹിച്ച് സമുദ്രത്തെ തൊട്ടത്. കാത്തുനിന്ന സ്പേസ് എക്സ് ബോട്ടുകൾ സഞ്ചാരികളെ വഹിച്ചു. ഇവരെ പിന്നീട് കെന്നഡി സ്പേസ് സെന്‍ററിലെത്തിച്ചു.ശതകോടീശ്വരനായ ജറേദ് ഐസക്മാൻ അടക്കം രണ്ട് പുരുഷന്മാരും രണ്ട് വനിതകളുമാണ് സംഘത്തിലുള്ളത്. അർബുദത്തെ പൊരുതി ജയിച്ച ഫിസിഷ്യനും 29കാരിയുമായ ഹെയ് ലി ആർസിനെക്സും 51കാരിയായ ജിയോ സയന്‍റിസ്റ്റുമായ സിയാന്‍ പ്രോക്റ്ററുമാണ് വനിതാ യാത്രക്കാർ. യു.എസ് വ്യോമസേന മുന്‍ പൈലറ്റും എയ്റോസ്പേസ് ഡേറ്റാ എൻജനീയറുമായ 42കാരൻ ക്രിസ് സെംബ്രോസ്കിയാണ് നാലാമത്തെ യാത്രക്കാരൻ.