ദുബായ്: ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. ടി20 ലോകകപ്പോടെ ഇന്ത്യന്‍ നായക സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഈ ഐപിഎല്‍ സീസണോടെ ഒഴിയുമെന്ന് കോഹ്‌ലിയും പ്രഖ്യാപിച്ചിരുന്നു.
അതിനാല്‍ തന്നെ ആര്‍സിബി ഒന്നാം ഘട്ടത്തിലെ മികവ് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. വിജയത്തോടെ തുടങ്ങാനായിരിക്കും ഇരു ടീമുകളും ആഗ്രഹിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഏഴ് കളികളില്‍ അഞ്ചു കളികളും വിജയിച്ച് മൂന്നാം സ്ഥാനത്താണ് ആര്‍സിബി. കൊല്‍ക്കത്ത ഏഴില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് വിജയിച്ചത്. ഏഴാം സ്ഥാനത്താണ് അവരിപ്പോള്‍. രണ്ടാം ഘട്ടത്തില്‍ ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്.
ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് അബുദാബിയിലാണ് മത്സരം നടക്കുന്നത്. ബാറ്റിങില്‍ കോഹ്‌ലി, എബി ഡിവില്ല്യേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ സാന്നിധ്യമാണ് ആര്‍സിബിയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹല്‍, ടീമിലേക്ക് പുതിയതായി എത്തിയ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക എന്നിവരുടെ സാന്നിധ്യം അവര്‍ക്ക് അധിക ബലം നല്‍കുന്നു.
ടി20 സര്‍ക്യൂട്ടില്‍ സമീപ കാലത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് വാനിന്ദു. സ്പിന്നറും ഓള്‍റൗണ്ടറുമായ വാഷിങ്ടന്‍ സുന്ദറിൻ്റെ അഭാവം നികത്താനും ഒരു പരിധിവരെ വാനിന്ദുവിന് സാധിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.
ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന പ്രതിക്ഷയിലാണ് കൊല്‍ക്കത്ത. ബാറ്റ്‌സ്മാന്‍മാരായ ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവര്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍, മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തിക് എന്നിവരുടെ പരിചയ സമ്പത്തും പ്രതീക്ഷ നല്‍കുന്നുണ്ട്.