ഇടുക്കി; വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകളാണ് പ്രതി അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പ്രതി അറസ്റ്റിലായി 78 ദിവസത്തിനകമാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് അതിവേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. 36 സാക്ഷികളാണ് കേസിലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി 150-ഓളം പേരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ ഒരാഴ്ച മുമ്പ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിച്ചിരുന്നു.
ജൂണ്‍ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ ആറ് വയസ്സുകാരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും അര്‍ജുനെ പിടികൂടുകയുമായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അര്‍ജുന്‍ സമ്മതിച്ചു.