ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്.) പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനും കാലാവസ്ഥാ വ്യതിയാനം, അസമത്വം, ഇൻക്ലൂസീവ് ഗ്രോത്ത്, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും യുവാക്കൾക്ക് അവസരം.
ഇൻറർനാഷണൽ റിലേഷൻസ്, ഡെവലപ്മെന്റ്, കമ്യൂണിക്കേഷൻസ്, ജേണലിസം, ഇക്കണോമിക്സ് ബന്ധപ്പെട്ട മേഖലകളിലൊന്നിൽ ബിരുദമുള്ളവർ, ഇപ്പോൾ പഠിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. സ്വയം സംരംഭക/ സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ, കണ്ടന്റ് ക്രിയേഷൻ (ബ്ലോഗേഴ്സ്/വ്ലോഗേഴ്സ്), സ്വതന്ത്ര മാധ്യമ സംഘങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനം, ജേണലിസം എന്നിവയിലൊന്നിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. കാലാവസ്ഥാ വ്യതിയാനം, അസമത്വം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെ ഇൻറർനാഷണൽ സ്റ്റഡീസ്, ബേസിക് ഇക്കണോമിക്സ്,ഡെവലപ്മെൻറ് മേഖലകളിൽ അറിവുണ്ടാകണം. ഇംഗ്ലീഷിൽ അടിസ്ഥാനജ്ഞാനം വേണം.
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.എം.എഫ്. യൂത്ത് ഫെലോഷിപ്പ് പ്രോഗ്രാം സർട്ടിഫിക്കറ്റ് ഓഫ് കംപ്ലീഷൻ ലഭിക്കും.
ഐ.എം.എഫിൻ്റെ വാർഷിക വെർച്വൽ യോഗം, വിദഗ്ധർ നേതൃത്വം നൽകുന്ന വെർച്വൽ പരിശീലന പരിപാടികൾ തുടങ്ങിയവയിൽ പങ്കെടുക്കാൻ ഇതിലൂടെ അവസരം ലഭിക്കും. കൂടാതെ, ഐ.എം.എഫ്. മാനേജ്മെൻറ്, സീനിയർ ഉദ്യോഗസ്ഥർ എന്നിവരുമൊത്ത് രണ്ടുദിവസത്തെ വെർച്വൽ വർക്‌ഷോപ്പിൽ പങ്കെടുക്കാനും ആഗോളപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനും അവസരമുണ്ടാകും.
20-നും 32-നും ഇടയിൽ പ്രായമുള്ളവർക്ക് ഇതിന് അപേക്ഷിക്കാവുന്നതാണ്. ഫെലോഷിപ്പിൻ്റെ വിവരങ്ങൾ www.imf.org-യിൽ റിസോഴ്സ് ഫോർ യൂത്ത് എന്നതിലെ പ്രോഗ്രാം ലിങ്കിൽ ലഭിക്കും.
ഈ പേജ് വഴി സെപ്റ്റംബർ 24 വരെ അപേക്ഷ നൽകാം. ഒക്ടോബർ നാലിന് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒക്ടോബർ 11- 17 കാലയളവിൽ വെർച്വൽ വർക്‌ഷോപ്പുകൾ നടത്തും. അതോടൊപ്പം ഒക്ടോബർ 12 മുതൽ ഗ്രൂപ്പ് പ്രസന്റേഷൻസും ഉണ്ടാകും.