ലക്നൗ; ഉത്തർപ്രദേശിലെ പ്രാദേശിക ബിജെപി പ്രവർത്തകന്‍റെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പിഴവ്.രണ്ട് ഡോസിന് പകരം അഞ്ച് ഡോസ് നൽകിയതായാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആറാമത്തെ ഡോസിനുള്ള തീയ്യതിയും സർട്ടിഫിക്കറ്റിലുണ്ട്.ഉത്തർപ്രദേശിലെ സർധാനയിൽ നിന്നുള്ള ബിജെപി ബൂത്ത് പ്രസിഡണ്ടും ഹിന്ദു യുവ വാഹിനി നേതാവുമായ റാംപാൽ സിങിന്‍റെ സർട്ടിഫിക്കറ്റിലാണ് ക്രമക്കേടുകൾ സംഭവിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകരെ സമീപിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും റാംപാൽ പറയുന്നു. കഴിഞ്ഞ മാർച്ച് 16 ന് ആദ്യ ഡോസും മെയ് 8 ന് രണ്ടാം ഡോസ് വാക്സിനും റാംപാൽ എടുത്തിരുന്നു.എന്നാൽ സർട്ടിഫിക്കറ്റിൽ ആദ്യ രണ്ട് വാക്സിൻ തീയ്യതികൾ കൂടാതെ മൂന്നാമത്തെ വാക്സിൻ മെയ് 15 നും നാലും അഞ്ചും ഡോസുകൾ സെപ്തംബർ 15 നും നൽകിയതായാണ് രേഖപ്പെടുത്തിയത്.