സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഐ.എം.ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഭരണചട്ടക്കൂട്, ദുരന്ത സമയങ്ങളിലെ നേതൃത്വം, ഫണ്ടിംഗ് ഏജന്‍സികള്‍, സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികളും അവസരങ്ങളും തുടങ്ങി 10 വിഷയങ്ങളിലാണ് പഠനം. മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ മുതൽ ഇൻഫോസിസ് സഹസ്ഥാപകൻ ആയ എസ്.ഡി ഷിബുലാൽ വരെ മന്ത്രിമാരെ പാഠങ്ങൾ പഠിപ്പിക്കാനെത്തും. ഭരണ സംവിധാനത്തെ കുറിച്ചുള്ള മുൻ കാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖറിന്‍റെ ക്ലാസോടുകൂടിയാണ് തുടക്കം. യു.എൻ ദുരന്തനിവാരണ മേധാവിയായ ഡോക്ടർ മുരളി തുമ്മാരക്കുടി ദുരന്ത കാലത്ത് നേതൃത്വം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മന്ത്രിമാരെ പഠിപ്പിക്കും. മന്ത്രിമാരുടെ പ്രകടനം ഉയർത്താനുള്ള അടവുകൾ ഷിബുലാൽ പകർന്നു നൽകും.
ഫണ്ടിംഗ് ഏജൻസികളെ കുറിച്ച് മുൻ വേൾഡ് ബാങ്ക് പ്രതിനിധിയും സംസ്ഥാന സർക്കാരിന്‍റെ ഉപദേശകയുമായിരുന്ന ഡോ. ഗീത ക്ലാസുകൾ നയിക്കും. കഴിഞ്ഞ തവണ വിവാദമായ സ്പ്രിംക്ലര്‍ പോലുള്ള ഇടപാടുകളുടെ ഭാഗമാകുമ്പോൾ ഈ പഠനം മന്ത്രിമാർക്ക് ഉപകരിക്കുമോ എന്ന് കാത്തിരുന്നു കാണാം. പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ പഠിപ്പിക്കാനുള്ള ചുമതല നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തിനാണ്..

















