കോട്ടയം: കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം നടത്തി വിവാദത്തിലായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി എംഎൽഎമാരും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയിൽ നേതാക്കൾക്ക് ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
സർക്കാരിന്റെ സമവായ നീക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം എന്നാണ് സൂചന. നേരത്തെ നാര്‍ക്കോട്ടിക് ജിഹാദ് വിഷയം വിവാദമായതിന് പിന്നാലെ ഇടത് മന്ത്രി വിഎൻ വാസവൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കം ബിഷപ്പിനെ കാണാനെത്തിയിരുന്നു.
പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ ജോസ് കെ മാണി പിന്തുണച്ചിരുന്നു. ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെതിരെയാണെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു.
മയക്കുമരുന്നെന്ന വിപത്തിനെതിരെ സാമൂഹ്യ ജാഗ്രത വേണം എന്നാണ് ബിഷപ്പ് പറഞ്ഞതെന്നും ഒരു മതങ്ങളെയും ഉന്നംവച്ചല്ല ആ പ്രസ്താവനയെന്നുമാണ് ജോസ് കെ മാണി വിഷയത്തിൽ മുമ്പ് പ്രതികരിച്ചത്. മുഖ്യമന്ത്രിയും ഇടത് മുന്നണിയും പറഞ്ഞത് ഇക്കാര്യം തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
അതിനിടെ പാലാ ബിഷപ്പ് ഉന്നയിച്ച നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് മേലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വിവാദങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ- സമുദായ- മതനേതാക്കൾ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും മതസൗഹാർദ്ദത്തിനും, ഐക്യത്തിനും കോട്ടംതട്ടാൻ അനുവദിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. ഇസ്ലാം മതത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമില്ല. സമാധാനമാണ് ഉദ്ദേശിക്കുന്നത്. വ്യക്തികളിൽ തെറ്റുകൾ കാണാം. തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരാണ് ഇസ്ലാം മതം അതിനാൽ ഭിന്നിപ്പിച്ച് കലഹമുണ്ടാക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.