ലഖ്നൗ: ബിജെപി സർക്കാർ അധികാരത്തിലേറിയ 2017 മുതൽ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2022 ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 350 സീറ്റ് നേടുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
‘ജനങ്ങള്‍ക്ക് ബി.ജെ.പി യിലുള്ള വിശ്വാസം വര്‍ധിച്ചു. ആ വിശ്വാസം 2022 ല്‍ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കും. 350 സീറ്റിന്‍റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലേറും’. അദ്ദേഹം പറഞ്ഞു
2017 ന് മുമ്പ് ഉത്തര്‍ പ്രദേശ് മാഫിയകളുടേയും ക്രിമിനലുകളുടേയും സങ്കേതമായിരുന്നു എന്നും ബി.ജെ.പി അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് അതിക്രമങ്ങള്‍ കുറഞ്ഞുവെന്നും ‘ഒരു വര്‍ഗ്ഗീയ കലാപം’ പോലും ഈ കാലയളവില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാജ്വാദി പാർട്ടിയുടെ ഭരണ കാലത്ത് സംസ്ഥാനത്ത് ക്രിമിനലുകളും മാഫിയകളും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അഴിമതിയുടെ കാലമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാലര വർഷത്തെ ഭരണത്തിൽ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.