കൊച്ചി: നാർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസിയുടെയും കേരള ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെയും അധ്യക്ഷനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിവാദങ്ങൾ അവസാനിപ്പിക്കണം. പരസ്പര സ്നേഹത്തിൽ മുന്നേറണമെന്നും വിഷയത്തിൽ സമാധാന ശ്രമങ്ങളോട് സഹകരിക്കാമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവരോട് സഹകരിച്ചു മുന്നോട്ട് പോകണം എന്നുമാണ് സഭയുടെ കാഴ്ചപ്പാട്. സമൂഹത്തിൽ സംഘർഷം ഉണ്ടാക്കാൻ ക്രൈസ്തവ സഭകളോ സഭ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. ഈ നിലപാടിൽ നിന്ന് മാറാതിരിക്കാൻ സഭാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആലഞ്ചേരി നിർദേശിച്ചു.
സമൂഹത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്നു മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കും. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഇപ്പോഴുണ്ടായ കലുഷിത സാഹചര്യത്തില്‍നിന്നു സമാധാനപരമായ സൗഹൃദത്തിലേയ്ക്കും ഏവരും തിരികെ വരികയെന്നതാണു സുപ്രധാനം.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ വിവാദങ്ങളും അവസാനിപ്പിച്ചു പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും മുന്നേറാന്‍ നമുക്കു പരിശ്രമിക്കാം. ഇതിനായി മതാചാര്യന്മാരും രാഷ്ട്രീയനേതാക്കളും സമുദായ ശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോടേ ഏവരും സര്‍വാത്മനാ സഹകരിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
ഇതിനിടെ പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു. ഇസ്ലാം മതത്തിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമില്ല. സമാധാനമാണ് ഉദ്ദേശിക്കുന്നത്. വ്യക്തികളിൽ തെറ്റുകൾ കാണാം. തീവ്രവാദത്തിനെതിരെ സംസാരിക്കുന്നവരാണ് ഇസ്ലാം മതം അതിനാൽ ഭിന്നിപ്പിച്ച് കലഹമുണ്ടാക്കരുതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.