തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം (2,37,96,983) പേർക്കും ഒരു ഡോസ് വാക്സിൻ നൽകി കേരളം. 45 വയസിന് മുകളിൽ പ്രായമുള്ള 96 ശതമാനം പേർക്കും ആദ്യഡോസ് വാക്സിൻ നൽകി. നിലവിലെ വേഗതയിൽ പോയാൽ സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൾ.
സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ കാലയളവില്‍, ശരാശരി 1,96,657 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 40,432 കേസുകളുടെ കുറവുണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്ക് 23 ശതമാനം കുറഞ്ഞു. ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യഥാക്രമം 8,6,4,7 ശതമാനം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ ആറ് ശതമാനം പേര്‍ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാമെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും കോവിഡ് വിശകലന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനിടെ സർക്കാർ മേഖലയിൽ വാക്സിൻ ലഭ്യത കൂടിയതോടെ സ്വകാര്യ മേഖലയിൽ പണം നൽകി വാക്സിനെടുക്കുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാൻ സ്വകാര്യ മേഖലയിലും വാക്സിൻ സൗജന്യമാക്കാനുള്ള ഇടപെടൽ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതുവഴി വാക്സിനേഷൻ വേഗം ഇനിയും വർധിപ്പിക്കാൻ കഴിയുമെന്നാണ് സ്വകാര്യ ആശുപത്രികൾ മുന്നോട്ടുവെക്കുന്ന നിർദേശം.
അതേസമയം കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി.