തിരുവനന്തപുരം: അപ്രാപ്യമെന്ന് തോന്നിച്ച ലക്ഷ്യങ്ങൾ സാധ്യമാക്കിയ ബദൽ വികസന കാഴ്ചപ്പാടാണ് സംസ്ഥാനത്തിന്റേതെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സെെസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ കർമ്മ പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുതുതലമുറ വെല്ലുവിളികളെ നേരിടാൻ സജ്ജമായിരിക്കുകയാണ്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള വിഭവങ്ങൾ കേരളത്തിലുണ്ട്. സർക്കാർ ആ മേഖലയിൽ ഫലപ്രദമായ ഇടപെടൽ നടത്തുകയാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ വലിയ കുതിപ്പിലേക്ക് നയിക്കുവാനുള്ള മനുഷ്യവിഭവശേഷി ഇവിടെയുണ്ടെന്നും മന്ത്രി പറഞ്ഞു.
ദാരിദ്ര്യ ലഘൂകരണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ തുടർച്ചയായി പുതുതലമുറയ്ക്ക് ദിശാബോധവും തൊഴിൽ സാഹചര്യവും സൃഷ്ടിച്ചു കൊണ്ട് പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുക എന്നത് ഒരോ പ്രാദേശിക സർക്കാരുകളുടെയും ചുമതലയാണ്. ആ ചുമതല അർത്ഥവത്തായി ഏറ്റെടുത്തു നവകേരളം കെട്ടിപ്പടുക്കുന്നതിന് പരിശ്രമിക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചടങ്ങിൽ സംസാരിച്ചു.