മസ്കത്ത്: ഒമാൻ സന്ദർശിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗബ്രിയേസസ്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഈദിയുമായി ഡോ. ടെഡ്രോസ് കൂടിക്കാഴ്ച നടത്തി.
ഒമാൻ്റെ പകർച്ചവ്യാധി സാഹചര്യം നേരിടാൻ കൈക്കൊണ്ട നടപടികളും സർക്കാർ ഏജൻസികളുടെ പ്രവർത്തനരീതികളുമെല്ലാം ആരോഗ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചുനൽകി.
രോഗവ്യാപനം കുറക്കാൻ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് സുപ്രീം കമ്മിറ്റി കൈക്കൊണ്ട നടപടികളെ ഡയറക്ടർ ജനറൽ പ്രശംസിച്ചു.
സുപ്രീം കമ്മിറ്റിയുടെ ശരിയായ തീരുമാനങ്ങൾക്കൊപ്പം ജനങ്ങൾ മുൻകരുതൽ നടപടികൾ പാലിക്കുന്നതും വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഉയർന്നതുമാണ് രോഗവ്യാപനം കുറയാനുള്ള കാരണമെന്നും ഡയറക്ടർ ജനറൽ പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലെ വാക്സിനേഷൻ കേന്ദ്രവും ഡയറക്ടർ ജനറൽ ഇതിനോടൊപ്പം സന്ദർശിച്ചു.