തിരുവനന്തപുരം: സ്കൂള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് മുന്നിലുള്ളത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ഒരു ക്ലാസില്‍ ശരാശരി 40 കുട്ടികളാണ് ഓരോ ക്ലാസിലുമുള്ളത്. ഇവരെ ഒരുമിച്ചിരുത്തി ക്ലാസ് നടത്തുക കൊവിഡ് സാഹചര്യത്തില്‍ അസാധ്യമാണ്.
ഇതിനുള്ള ക്രമീകരണം എങ്ങനെ വേണമെന്നാണ് പൊതു വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിക്കുക. എത്ര കുട്ടികളെ ഒരു ക്ലാസില്‍ പ്രവേശിപ്പിക്കാം, ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വേണമോ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മതിയോ എന്നതും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കും. സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ എത്തിക്കുമ്പോഴുള്ള കൊവിഡ് മാനദണ്ഡങ്ങളിലും യോഗമാകും വ്യക്തത വരുത്തുക.