ഇതിൽ പറയുന്ന കാര്യം ഏറ്റവും കൃത്യവും വാസ്തവവും ആയതിനാൽ ഇവിടെ പങ്ക് വയ്ക്കുന്നു. നമ്മുടെ അത്മീയാന്ധകാരം ഗ്രസിച്ച കാലത്തിനു ഈ വിലപ്പെട്ട അടിക്കുറിപ്പ് നൽകിയ ലേഖകന് നന്ദി. അദ്ദേഹത്തിൻ്റെ പേര് ഇല്ലാതെയാണ് വാട്ട്സ്ആപ്പിൽ ഈ കുറിപ്പ് കിട്ടിയത്.
ഫാസിൽ ഷാജഹാൻ എന്ന സുഹൃത്തിൻ്റെയാണ് പോസ്റ്റ് എന്ന് ചൂണ്ടിക്കാട്ടിയ സുഹൃത്തുക്കൾക്ക് നന്ദി.
“മനുഷ്യ മനശ്ശാസ്ത്ര പഠനങ്ങളിൽ റിലിജിയോ സെൻട്രിസം എന്ന ഒരു വാക്കുണ്ട്.
‘conviction that a person’s own religion is more important or superior to other religions.’
എന്നു വെച്ചാൽ താൻ ജനിച്ച/താൻ പിന്തുടരുന്ന മതമാണ് ഉള്ളതിൽ വെച്ച് ഏറ്റവും നല്ലത് എന്നോ ഏറ്റവും അനുയോജ്യം എന്നോ ഉള്ള ഉറപ്പ്.
ഇതു പ്രകാരം മുസ്ലിം മതത്തിൽ ജനിച്ച വ്യക്തി, അല്ലറ ചില്ലറ ആശയക്കുഴപ്പങ്ങളും സ്വാഭാവികമായ ചില അവ്യക്തതകളും കാലഗതിയിൽ സംഭവിച്ച ചില ഭിന്നാഭിപ്രായങ്ങളും ഉണ്ടെങ്കിലും , ഉള്ളതിൽ വെച്ച് താരതമ്യേന ഏറ്റവും നല്ല മതമായി, ജീവിതത്തിൽ കൊണ്ടുനടക്കാൻ പറ്റിയ ഏറ്റവും മികച്ച ഐഡിയോളജിയായി ഇസ്ലാമിനെ കണക്കാക്കുന്നു.
ഇതുതന്നെ, ഇങ്ങനെ തന്നെ ക്രിസ്ത്യാനിയും അവന്റെ മതത്തെ കുറിച്ചു ചിന്തിക്കുന്നു. ഹിന്ദു വിശ്വാസിയും ഇങ്ങനെ തന്നെ കരുതുന്നു.
എല്ലാ മതക്കാരും അവരവരുടെ മതത്തെ കുറിച്ച് ഇങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത് എന്ന് ഇതര സഹോദര മതസ്ഥർ തിരിച്ചറിയുന്നുമില്ല. ആന്ത്രോപ്പോളജിയിലും സോഷ്യൽ സയൻസിലും ഇതിനെ റിലിജിയോ സെൻട്രിസം എന്നാണ് വിളിക്കുക.
സാമൂഹിക പഠന ശാസ്ത്ര പ്രകാരം ഇതൊരു മോശം / അനാരോഗ്യകരമായ മാനസികാവസ്ഥ ആയാണ് മനശ്ശാസ്ത്രം കാണുന്നത്.
റിലിജിയോ സെൻട്രിസത്തെ മലയാളീകരിക്കാൻ ശ്രമിച്ചാൽ “സ്വമതശ്രേഷ്ഠ വാദം” എന്നു വേണമെങ്കിൽ നിർവചിക്കാം.
ഈ മാനസികാവസ്ഥയിലേയ്ക്ക് കടന്നവർ, അവർ മുസ്ലിമായാലും ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും പൊതുവെ പ്രകടിപ്പിക്കുന്ന ഭാവങ്ങൾ ഒരേ പോലെയാണ്.
1- തന്റെ ശ്രേഷ്ഠമതത്തെ പുകഴ്ത്തുന്ന, വാഴ്ത്തുന്ന, മറ്റൊരു മതക്കാരനെ/ മതപ്പേരുള്ളവനെ ചുവന്ന പരവതാനി വിരിച്ചു സഹർഷം സ്വീകരിക്കും. അവരുടെ എഴുത്തുകളും ഭാഷണങ്ങളും കേട്ട് പുളകം കൊള്ളുകയും പരമാവധി ഷെയർ ചെയ്യുകയും ചെയ്യും.
ഇതേ കാര്യം സ്വന്തം മതത്തിലുള്ള ഏതെങ്കിലുമൊരാൾ അതിലും നന്നായി മുമ്പു പറഞ്ഞിട്ടുണ്ടാകും. എന്നാൽ അതിനു വലിയ മൈലേജ് ലഭിക്കില്ല. കാരണം അവന്റെ പേരു തന്നെ. ഒരാളുടെ അഭിപ്രായത്തെയല്ല, മറിച്ചു അയാളുടെ മതപ്പേരിനെയാണ് റിലിജിയോ സെൻട്രിസ്റ്റുകൾ ആധാരമാക്കുക എന്നു ചുരുക്കം.
2- തന്റെ ശ്രേഷ്ഠമതത്തെ വിമർശിക്കുന്ന മറ്റൊരു മതക്കാരനെ/ മതപ്പേരുള്ളവനെ കൊന്നു കൊല വിളിക്കും. അതുവരെ സസ്വീകാര്യമായിരുന്ന അവരുടെ എഴുത്തുകളും ഭാഷണങ്ങളും പൂർണ്ണമായും ബഹിർഗമിക്കപ്പെടും. ബഹിഷ്കരിക്കപ്പെടും. ഇവിടെ മതപ്പേരു തന്നെയാണ് അടിസ്ഥാനമാക്കുന്നത്.
ഒരു വ്യക്തി തന്റെ മതവിശ്വാസത്തെ തന്റെ നെഞ്ചോടു ചേർത്തു പിടിക്കുന്നതിൽ തെറ്റില്ല. സ്വാഭാവികതക്കുറവും ഇല്ല. മനുഷ്യർ അങ്ങനെയാണ്. മനുഷ്യപ്രകൃതമതാണ്.
പക്ഷേ ഒരു മതക്കാരൻ “റിലിജിയോ സെൻട്രിസ്റ്റ്” ആയി മാറുമ്പോൾ അവിടെ ഇതര മതപ്പേരുള്ളവരുടെ പെരുമാറ്റങ്ങളോടും പ്രതികരണങ്ങളോടും അനുകൂലമോ പ്രതികൂലമോ ആയ അതിവൈകാരികത മനുഷ്യരിൽ രൂപപ്പെടും.
അതാണ് ഇന്നു നാം നമുക്കു ചുറ്റിലും കാണുന്നത്. “സ്വമതശ്രേഷ്ഠ വാദം” ഉള്ളിൽ വേരുപിടിച്ചു കിടക്കുന്നതു കൊണ്ടാണ് ചില പ്രത്യേക വിഷയങ്ങളിൽ നാം അതിവൈകാരികരാകുന്നതും ചില വിഷയങ്ങളിൽ നാം മൗനം നടിക്കുന്നതും.
വിഷയമല്ല, മറിച്ചു മതവൈകാരികതയാണ് റിലിജിയോ സെൻട്രിസം തങ്ങളുടെ സാമൂഹികപ്രതികരണങ്ങൾക്ക് അടിസ്ഥാനമാക്കുന്നത് എന്ന് ചുരുക്കം.
റിലിജിയോ സെൻട്രിസത്തിന് മാനവികതയെ കുറിച്ച് അറിയില്ല. മനുഷ്യരെ കുറിച്ചല്ല, തങ്ങളുടെ സമുദായത്തെ കുറിച്ചാണ് അതെപ്പോഴും വേവലാതിപ്പെടുക. അതു മതമല്ല, മനോരോഗമാണ്.”
(സക്കറിയയുടെ ഫേസ്ബുക് പോസ്റ്റിൽ നിന്ന്)