കാബൂള്‍: അഫ്ഗാനിസ്താനിൽ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍. ഹൈസ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് താലിബാന്‍ പുറത്തിറക്കിയ ഉത്തരവില്‍ ആണ്‍കുട്ടികളെപ്പറ്റി മാത്രമാണ് പറയുന്നത് . ഇതോടെ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം അടുത്ത മാസം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ തിരിച്ചെത്താന്‍ കഴിയും. എന്നാല്‍ പെണ്‍കുട്ടികള്‍ വീടുകളില്‍തന്നെ ഇരിക്കേണ്ടിവരും. സെക്കന്‍ഡറി സ്‌കൂളുകള്‍ ഏഴ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കുവേണ്ടി ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ആൺകുട്ടികളുടെ സ്‌കൂളുകൾക്ക് പുറമേ മദ്രസകളും തുറന്നിട്ടുണ്ട്. സെക്കന്ററി തലത്തിലുള്ള മദ്രസകളാണ് പ്രവർത്തനം പുന:രാരംഭിച്ചത്. എല്ലാ അദ്ധ്യാപകരും, വിദ്യാർത്ഥികളും നിർബന്ധമായും സ്‌കൂളിൽ എത്തണമെന്നാണ് താലിബാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.താലിബാൻ അധിനിവേശത്തിന് പിന്നാലെ കഴിഞ്ഞ ഒരു മാസക്കാലമായി സ്‌കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. സർവ്വകാശാലകളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനമുണ്ടെങ്കിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമാണ് ക്ലാസുകൾ നടക്കുന്നത്.