മെൽബൺ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആസ്ട്രേലിയൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജനം. സിഡ്നി, മെൽബൺ പോലുള്ള നഗരങ്ങളിലടക്കം വ്യാപക പ്രതിഷേധമാണുള്ളത്.മെല്‍ബണ്‍ നഗരത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സമരക്കാർക്കുനേരെ പൊലീസ് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതായും പലരെയും അറസ്റ്റ് ചെയ്ത് നീക്കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നഗരത്തിൽ 2000 പൊലീസുകാരെ വിന്യസിച്ചതോടെ പലയിടങ്ങളും നിരോധന മേഖലയായി മാറി. നഗരത്തിലേക്കുള്ള പൊതുഗതാഗതവും റൈഡ് ഷെയറുകളും നിർത്തിവച്ചു. സിഡ്നിയിലെ തെരുവുകളിൽ കലാപ സ്ക്വാഡ് ഓഫിസർമാർ, ഹൈവേ പട്രോൾ, ഡിറ്റക്ടീവുകൾ, ജനറൽ ഡ്യൂട്ടി പൊലീസ് എന്നിവരെയാണ് വിന്യസിച്ചത്.
രാജ്യത്ത് ശനിയാഴ്ച 1882 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ജൂൺ പകുതിയോടെയാണ് ആസ്ട്രേലിയയിൽ കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദം പടരുന്നത്. ഇതിനെ തുടർന്ന് സിഡ്നിയും മെൽബണും തലസ്ഥാനമായ കാൻബെറയുമെല്ലാം ആഴ്ചകളായി കർശനമായ ലോക്ഡൗണുകളിലാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജനം തെരുവിലിറങ്ങിയത്.