ന്യൂഡൽഹി;വാക്സിനേഷനിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ മാത്രം രണ്ടേകാൽ കോടിയിലധികം വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. 18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയ ഗോവയിലെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും.
സെപ്തംബർ മാസത്തിൽ ഇത് നാലാം തവണയാണ് രാജ്യത്ത് ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്യുന്നത്. ഇന്നലെ മാത്രം രണ്ടേകാൽ കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തതോടെ രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം 79 കോടി പിന്നിട്ടു.
ഡിസംബറോടെ രാജ്യത്തെ അർഹരായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാനാണ് കേന്ദ്രത്തിന്‍റെ ശ്രമം. വാക്സിൻ ഡ്രൈവിൽ പങ്കാളിയായ മുഴുവൻ ആരോഗ്യപ്രവർത്തകർക്കും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നന്ദി അറിയിച്ചു.