ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ വാക്സിനേഷനിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ. ഒരു ദിവസം രണ്ട് കോടി ഡോസ് വാക്സിൻ വിതരണം ചെയ്താണ് രാജ്യം ചരിത്രനേട്ടം സ്വന്തമാക്കിയത്. ഓരോ മിനിറ്റിലും 42,000 ഡോസ് വാക്സിന് വിതരണം ചെയ്തു.ബിജെപി കേന്ദ്രനേതൃത്വത്തിൻ്റെ നിർദേശ പ്രകാരം ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങൾ മുൻകൈയ്യെടുത്താണ് റെക്കോർഡ് വാക്സിനേഷനുള്ള പ്രചാരണം തുടങ്ങിയത്. ഇന്ന് രാത്രിയോടെ രണ്ടരക്കോടി ഡോസ് വാക്സീൻ വിതരണം ചെയ്യാനാണ് കേന്ദ്രആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.
ജൂൺ മാസത്തിൽ തങ്ങളുടെ 2.47 കോടി പൗരൻമാർക്ക് വാക്സീൻ നൽകിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേരെ വാക്സീൻ ചെയ്ത രാജ്യം. ഈ റെക്കോർഡ് ഇന്ന് രാത്രിയോടെ തകർക്കുകയാണ് കേന്ദ്രസർക്കാരിൻ്റെ ലക്ഷ്യം. ഇതുവരെയുള്ള കണക്ക് അനുസരിച്ച് ഒരു മിനിറ്റിൽ 42,000 പേർക്കും സെക്കൻഡിൽ 700 പേർക്കും ഇന്ത്യയിൽ വാക്സീൻ നൽകിയെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.