തിരുവനന്തപുരം: നാർകോട്ടിക്ക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പിന് എന്തെങ്കിലും ദുരുദ്ദേശ്യമുള്ളതായി കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ചില വ്യക്തികളോ ഏതെങ്കിലും ഗ്രൂപ്പുകളോ നടത്തുന്ന തെറ്റായ പ്രവർത്തനത്തിൻെറ ഉത്തരവാദിത്തം ഒരു മതത്തിൻെറ നേരെ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പിൻെറ പ്രസ്താവനയുമായി ബന്ധപ്പെട്ട് നടത്തിയ തെറ്റായ പ്രചരണങ്ങൾ ഉണ്ടായി. സമൂഹത്തെ വർഗീയവത്കരിക്കാനുള്ള തെറ്റായ ഇടപെടലുകൾ ഉണ്ടായി. കേരളത്തിൻെറ മഹിതമായ അവസ്ഥയെ തകർക്കാൻ ചിലർ ഈ ദിവസങ്ങളിൽ ശ്രമിച്ചു. ബിജെപിയും മറ്റു ചില വർഗീയവാദ സംഘടനകളും ആ നിലയിൽ പ്രവർത്തിച്ചു.
ചില മാധ്യമങ്ങളും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ ഇടപെടലുകാരുമൊക്കെ കേരളത്തിൻെറ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു. പക്ഷേ അതിന് കേരളത്തിൽ സ്വീകാര്യത കിട്ടിയിട്ടില്ല -അദ്ദേഹം പറഞ്ഞു.