സോനിത്പുർ: വസ്ത്രത്തിന് ഇറക്കം കുറവാണെന്ന കാരണത്താൽ 19 കാരിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി. അസമിലെ സോനിത്പുർ ജില്ലയിലാണ് സംഭവം. അസം കാർഷിക സർവകലാശാല നടത്തിയ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ എത്തിയ ജുബ്ലി തമൂലി എന്ന വിദ്യാർഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.
തേസ്പുരിലെ ഗിരിജാനന്ദ ചൗധരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയിലാണ് സംഭവം നടന്നത്. പരീക്ഷ നടക്കുന്ന കാമ്പസിൽ പ്രവേശിച്ച സന്ദർഭത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. കൃത്യമായ പരിശോധനകൾ നടത്തിയ ശേഷമാണ് കാമ്പസിൽ പ്രവേശിച്ചത്. പരീക്ഷയുടെ സമയമായതോടെ എല്ലാവരും പരീക്ഷാ ഹാളിലേക്ക് എത്തി. എല്ലാ വിദ്യാർഥികളിൽ നിന്നും അഡ്‌മിറ്റ് കാർഡ്, ആധാർ കാർഡ്, ഫോട്ടോ കോപ്പി എന്നി രേഖകൾ പരിശോധിച്ച് ഹാളിലേക്ക് കടത്തിവിടുകയും ചെയ്തു. എന്നാൽ എന്നെ മാത്രം മാറ്റി നിർത്തി. രേഖകൾ എല്ലാം കൈയിൽ ഹാജരാക്കിയിട്ടും എന്തുകൊണ്ടാണ് ഹാളിലേക്ക് കടത്തിവിടാത്തത് എന്ന ചോദ്യത്തിന് വസ്ത്രത്തിന് നീളക്കുറവാണെന്നും ഇത് പരീക്ഷാ ഹാളിൽ അനുവദിക്കില്ല എന്നുമായിരുന്നു അവർ പറഞ്ഞതെന്ന് പെൺകുട്ടി പറഞ്ഞു.
കൈവശം ഉണ്ടായിരുന്ന രേഖകൾ പോലും പരിശോധിക്കാൻ തയ്യാറാകാതിരുന്ന അധികൃതർ താൻ ഷോർട്ട്സ് ധരിച്ചതാണ് പ്രശ്നമായി കണ്ടത്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ അനുവദിക്കാനാകില്ല എന്ന നിലപാടായിരുന്നു അവർക്ക്. അഡ്മിറ്റ് കാർഡിൽ വസ്ത്രധാരണവുമായി ബന്ധപ്പെട്ട സൂചനകൾ ഇല്ലെന്നും പിന്നെ എങ്ങനെയാണ് ഇക്കാര്യങ്ങൾ അറിയുകയെന്നും പറഞ്ഞപ്പോൾ നിങ്ങൾ ഇതൊക്കെ അറിഞ്ഞിരിക്കണം എന്നാണ് അധികൃതർ പറഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു.
പിതാവുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാനാകുമോ എന്ന് അധികൃതരോട് ചോദിച്ചെങ്കിലും പിതാവുമായി സംസാരിക്കാൻ അവർ തയ്യാറായില്ല. പരീക്ഷാ ഹാളിൽ പ്രവേശിക്കണമെങ്കിൽ പാൻ്റ് വാങ്ങിവരാൻ പിതാവിനോട് പറയാനാണ് അധികൃതർ തന്നോട് പറഞ്ഞത്. പാൻ്റ് വാങ്ങാൻ പിതാവ് പുറത്തേക്ക് പോയെങ്കിലും അത്രയും നേരം പരീക്ഷ എഴുതാൻ കഴിയാതെ പുറത്തിരിക്കേണ്ട അവസ്ഥ ഉണ്ടായി. ഇതിനിടെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾ കർട്ടൻ ചുറ്റി പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ തന്നോട് പറഞ്ഞു. മറ്റ് മാർഗം ഇല്ലാതെ വന്നതോടെ ഈ നിർദേശം സ്വീകരിച്ച് പരീക്ഷ എഴുതേണ്ട അവസ്ഥയുണ്ടാകുകയായിരുന്നുവെന്ന് പെൺകുട്ടി വ്യക്തമാക്കി.