കൊച്ചി: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം മാനദണ്ഡമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളി കേരള ഹൈക്കോടതി. സിബിഎസ്ഇ മാനേജ്‌മെന്റുകളുടെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നിലവിലുള്ള സമ്പ്രദായം തുടരാമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് മാര്‍ക്കും പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനെതിരേയായിരുന്നു ഹര്‍ജി. എന്നാല്‍ ഈ വിഷയം നേരത്തെതന്നെ കോടതി പരിഗണിച്ച് ഒരു തീര്‍പ്പുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 2004ല്‍ തന്നെ സമാനമായ ഒരു ആവശ്യം ഉയര്‍ന്നുവരികയും അന്ന് ഹൈക്കോടതി അക്കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് കോടതി വ്യക്തമാക്കി.
പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് നിലവിലുള്ള പ്ലസ് ടു മാര്‍ക്കിനൊപ്പം എന്‍ട്രന്‍സ് മാര്‍ക്കും ചേര്‍ത്ത് റാങ്ക് പട്ടിക തയ്യാറാക്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഇത്തരത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുമ്പോള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ പിന്നാക്കം പോകുന്നു എന്നതാണ് പ്രധാന പരാതി. ഇതിനെ തുടര്‍ന്നാണ് എന്‍ട്രന്‍സ് റാങ്കിൻ്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കണമെന്ന ആവശ്യം സിബിഎസ്ഇ മാനേജ്‌മെന്റ മുന്നോട്ടുവെച്ചത്.