കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താൻ കഴിഞ്ഞുവെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ആവശ്യമായ രേഖകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ഇനി വരേണ്ടതുണ്ടോയെന്ന് ഇ.ഡി ആണ് തീരുമാനിക്കേണ്ടത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാനായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാലു മണിക്കൂറോളമാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തത്.
ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കുഞ്ഞാലിക്കുട്ടിയെ ഇ.ഡി വിളിപ്പിച്ചത്. വൈകീട്ട് നാലു മണിയോടെയാണ് അദ്ദേഹം ഇ.ഡിയുടെ കൊച്ചി ഓഫീസിലെത്തിയത്. സെപ്തംബര്‍ രണ്ടിന് വിളിപ്പിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയില്‍ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താന്‍ ഇ.ഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് അറിയിക്കുകയുമായിരുന്നു.
കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ രണ്ട് തവണയായി ഇ.ഡിക്ക് മുന്നില്‍ കെ. ടി ജലീല്‍ എംഎല്‍എ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്.

















