ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ജമ്മുവിലേക്കുള്ള എക്സ്പ്രസ് വേ രണ്ട് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. 727 കിലോമീറ്ററില്‍ നിന്നും 572 കിലോമീറ്ററായി ദൂരം കുറയ്ക്കാന്‍ ഡല്‍ഹി-കത്ര എക്സ്പ്രസ് വേ സഹായിക്കുമെന്നും ഇതോടെ ഡല്‍ഹിയില്‍ നിന്നും കത്രയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആറ് മണിക്കൂറിനുള്ളില്‍ എത്താമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
ഇതുകൂടാതെ ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഡ്, ഡെറാഡൂണ്‍, ഹരിദ്വാര്‍ എന്നിവിടങ്ങളിലേക്ക് രണ്ട് മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യാനാകുന്ന പദ്ധതികളും വികസനത്തിന്റെ പാതയിലാണെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിക്കുന്നതാണ് 98,000 കോടി രൂപയുടെ വികസന പദ്ധതിയായ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ. യാഥാര്‍ത്ഥ്യമായാല്‍ 1,380 കിലോമീറ്റര്‍ ദൂരമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേയാകുമിത്. പദ്ധതി നടപ്പിലാകുന്നതോടെ ഡല്‍ഹിയും മുംബൈയും തമ്മിലുള്ള ബന്ധം കൂടുതല്‍ എളുപ്പമാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.