കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ ഉള്ളടക്കം അടങ്ങിയ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. സിലബസില്‍ പോരായ്മകള്‍ ഉണ്ടെന്നാണ് സമിതി കണ്ടെത്തിയത്. സിലബസില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്നത് 29ന് ചേരുന്ന അക്കാദമിക് സമിതി വിലയിരുത്തും.
ആദ്യം സിലബസില്‍ ഉണ്ടായിരുന്നത് കണ്ടെംപററി പൊളിറ്റിക്കല്‍ തിയറി ആയിരുന്നു. ഇത് ഈ സെമസ്റ്ററില്‍ പഠിപ്പിക്കില്ലെന്നും, മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ പഠിപ്പിക്കുമെന്നും വി.സി വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാലയുടെ എം.എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് മൂന്നാംസെമസ്റ്റര്‍ പാഠ്യപദ്ധതിയിലെ ഉള്ളടക്കമാണ് വിവാദമായത്. തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റില്‍ ഹിന്ദുത്വ ആശയങ്ങളെക്കുറിച്ചുള്ള ഭാഗത്ത് വി.ഡി.സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മഥോക്ക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗം ഉള്‍പ്പെടുത്തിയതിനാലാണ് ആക്ഷേപമുയര്‍ന്നത്. സര്‍വകലാശാല കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു പ്രധാന ആക്ഷേപം.