കോട്ടയം: പാലാ ബിഷപ്പിൻ്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ സാഹചര്യത്തിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡൻ്റെ കെ സുധാകരന്‍. പകരം ഇത് അവസരമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. ചങ്ങനാശേരി ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
പ്രദേശത്ത് സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. പകരം തമ്മിലടിക്കുന്നത് കണ്ട് രക്തം നക്കി കുടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കഴുകനെ പോലെ, അല്ലെങ്കില്‍ ചെന്നായയെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വം ഉറപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്. അതിൻ്റെ ഭാഗമായാണ് ഈ സന്ദര്‍ശനം എന്നും ഉച്ചയ്ക്ക് പാല ബിഷപ്പിനെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ എല്ലാവിധ സഹകരണവും ചങ്ങനാശേരി ബിഷപ്പ് ഉറപ്പുനല്‍കിയതായും, മതേതരത്വത്തിൻ്റെ വക്താക്കളാണ് കോണ്‍ഗ്രസ് എന്നും, ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് എപ്പോഴും ഉണ്ടാവു എന്നും, എന്നാല്‍ ഇതിനെ സമാന്തര സമവായ നീക്കമായി കാണേണ്ടതിലെന്നും, മതേതരത്വം നിറവേറ്റാനുള്ള ഉത്തരവാദിത്തമായി ഇതിനെ കണ്ടാല്‍ മതിയെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.