കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരൻ വിജിത്തിനെ വധിക്കുമെന്നാണ് ഭീഷണി. ഭീഷണിക്കത്ത് വിസ്മയയുടെ കുടുംബം പൊലീസിന് കൈമാറി.
പത്തനംതിട്ടയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ നിന്ന് പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നൽകാമെന്ന് കത്തിൽ പറയുന്നു. കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ വിധി തന്നെ സഹോദരൻ വിജിത്തിന് ഉണ്ടാകുമെന്നാണ് കത്തിലെ ഭീഷണി.
ചടയമംഗലം പൊലീസ് തുടർ നടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. ത്രിവിക്രമൻ നായരുടെ മൊഴിയും രേഖപ്പെടുത്തി. കേസിൻ്റെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്.