കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ പത്തിന് ഹാജരാകാനാണ് സുരേന്ദ്രന് നിർദേശം നൽകിയിട്ടുള്ളത്.
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. ഇടത് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ് പരാതിക്കാരന്‍. പ്രതിചേർത്ത് മൂന്നുമാസങ്ങൾക്കുശേഷമാണ് കെ.സുരേന്ദ്രനെ ചോദ്യംചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിക്കുന്നത്.
സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിന് IPC 171 B, E വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.