തിരുവനന്തപുരം: പാർട്ടി വിട്ട് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ കെപിസിസി പുന:സംഘടന ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ നേതാക്കൾക്കിടിയിൽ ധാരണ. പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പേരുകൾ കൂടി പരിഗണിക്കുമെന്നാണ് വി ഡി സതീശനും കെ സുധാകരനും ഉറപ്പ് നൽകിയതായാണ് സൂചന.
പുന:സംഘടന അതിവേഗം തീർക്കാനാണ് ധാരണ. അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കി പുതിയ ടീമിനെ കൊണ്ട് വരും. ഒരാൾക്ക് ഒരു പദവി ഉറപ്പാക്കാൻ ജനപ്രതിനിധികളെയും മാറ്റും. രാഷ്ട്രീയകാര്യസമിതിയും അഴിച്ചുപണിയും.
പുതിയ ഭാരവാഹികൾക്ക് വിദ്യാർത്ഥി-യുവജന, ട്രേഡ് യൂണിയൻ സംഘടനകളുടെ ചുമതലകൾ കൃത്യമായി വീതിച്ചുനൽകും. ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തും. ഡിസിസി പട്ടികയിൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പുന:സംഘടയുമായി പൂർണ്ണമായും സഹകരിക്കുന്നു എന്നാണ് വിവരം. ഇരുവരും നൽകുന്ന പേരുകൾ പരിഗണിക്കാമെന്ന് തന്നെയാണ് സുധാകരനും സതീശനും അറിയിച്ചത്.
അതേസമയം അംഗസംഖ്യ 51 ൽ ഒതുക്കലാണ് കടമ്പ. കൂടുതൽ പേരെ എക്സ് ഓഫീഷ്യോ അംഗങ്ങളായി ഉൾപ്പെടുത്താനാണ് ധാരണ. ഒരു വശത്ത് കൊഴിഞ്ഞുപോക്ക് തുടരുമ്പോൾ മറുവശത്ത് മാറ്റങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.