കണ്ണൂർ: കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തില്‍ രണ്ടംഗ വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. പ്രൊഫസര്‍ ജെ പ്രഭാഷ്, ഡോ. കെ.എസ് പവിത്രൻ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വൈസ് ചാൻസലർക്ക് സമർപ്പിച്ച റിപ്പോർട്ട് ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറും.
ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾക്ക് പ്രാമുഖ്യം നൽകി തയ്യാറാക്കിയ ആദ്യ സിലബസിൽ മാറ്റം വേണമെന്നാണ് നിർദ്ദേശം. സിലബസിലെ ചിലഭാഗങ്ങൾ ഒഴിവാക്കിയും, ഉൾപെടുത്താതെ പോയ വിഷയങ്ങൾ കൂട്ടിച്ചേർത്തുമാണ് റിപ്പോർട്ട്. പുതിയ റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് വൈസ് ചാൻസലർ പ്രതികരിച്ചത്.
സര്‍വകലാശാലയുടെ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പി.ജി സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. വി.ഡി സവർക്കറുടെ ആരാണ് ഹിന്ദു, എം എസ് ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സ്, വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്, ബൽരാജ് മധോകിന്‍റെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ എന്നിവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
കടുത്ത വർഗീയ പരാമർശങ്ങളുള്ള കൃതികൾ സിലബസിൽ ചേർത്തോടെ വ്യാപക പ്രതിഷേധം ഉയർന്നു. സർവകലാശാല പിജി സിലബസിൽ സവർക്കറുടേയും ഗോൾവാൾക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് കാവിവത്കരണമാണെന്ന വാദമാണ് ഒരു വിഭാഗം ഉയർത്തിയത്.
അതേസമയം സിലബസ് വിവാദത്തില്‍ കാവിവത്ക്കരണം നടന്നിട്ടില്ലെന്നായിരുന്നു വൈസ് ചാന്‍സലര്‍ പ്രൊ.ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിശദീകരണം തേടുകയും ചെയ്തിരുന്നു. പ്രതിപക്ഷ യുവജന സംഘടനകളും സിലബസിനെ പ്രതികൂലിച്ച് രംഗത്തെത്തിയിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചാകും സിലബസില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനമുണ്ടാകുക.