തിരുവനന്തപുരം : ആരോഗ്യകരമായ സമൂഹസൃഷ്ടിക്ക് എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം വളരെയേറെ പ്രധാനപ്പെട്ടതാണെന്നും വകുപ്പിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കണമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ എക്‌സൈസ് ആസ്ഥാന മന്ദിരത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്ത് ഒരിടത്തും മദ്യ നിരോധനം ഫലപ്രദമായിട്ടില്ലാത്തതുകൊണ്ടാണ് മദ്യവര്‍ജ്ജനത്തില്‍ ഊന്നിയ മദ്യനയം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മദ്യ നിരോധനം നടപ്പിലാക്കുന്നില്ലെങ്കിലും മദ്യ ഉപയോഗം ക്രമാനുഗതമായി കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
സമൂഹത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് വിമുക്തി മിഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മിഷന്റെ പ്രവര്‍ത്തനം അതീവ ജാഗ്രതയോട് കൂടി നടപ്പിലാക്കണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുമായി സംവദിച്ച അവസരത്തില്‍ വാര്‍ഡ് തല വിമുക്തി ജാഗ്രതാ സമിതികളെ സംബന്ധിച്ച് വിശദമാക്കിയിരുന്നുവെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിമുക്തി മിഷന്‍ വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ ജനപ്രതിനിധികളുടെ സഹായത്തോടെ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ചികിത്സ ഒരുക്കണം. പുതിയ തലമുറ ലഹരിയിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ കരുതല്‍ നടപടികള്‍ ഉദ്യോഗസ്ഥ.ര്‍ സ്വീകരിക്കണമെന്നും ആ കാര്യത്തില്‍ വീഴ്ച അരുതെന്നും മന്ത്രി വ്യക്തമാക്കി.
അവലോകന യോഗത്തില്‍ വെച്ച് എക്‌സൈസ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന എക്‌സൈസ് ഡൈജസ്റ്റിന്റെ പ്രകാശനം മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കഴിഞ്ഞ കാലങ്ങളില്‍ മികച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥരെ അനുമോദിക്കുകയും ചെയ്തു.