പനജി: കേരളത്തില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗോവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് എത്തുന്ന ഗോവയിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനനില്‍ കഴിയണം. നോര്‍ത്ത്, സൗത്ത് ഗോവകളുടെ ജില്ലാ ഭരണകൂടങ്ങളാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാര്‍ത്ഥികളും ജീവനക്കാരുമല്ലാത്തവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും അഞ്ച് ദിവസം ക്വാറന്റൈനില്‍ കഴിയണം. ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ ജീവിത പങ്കാളികള്‍, രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍, അടിയന്തര ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.
സെപ്റ്റംബര്‍ 20 വരെ നിയന്ത്രണങ്ങള്‍ തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതിന്റെ ചുമതല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്. ജീവനക്കാര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ക്വാറന്റൈനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. അഞ്ച് ദിവസത്തെ ക്വാറന്റൈന് ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.